*നിലവിലെ റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത്?*
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക.
അത് ലഭിച്ചശേഷം കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്.
നിലവിലുള്ള കാർഡിന്റെ കോപ്പി അപേക്ഷയോടൊപ്പം വയ്ക്കുക. മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികൾ, കിടപ്പുരോഗികൾ എന്നിവരിലാരെങ്കിലും കാർഡിലുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖയുടെ പകർപ്പ് കൂടി വയ്ക്കുക.
അപേക്ഷിക്കുന്നവരുടെ റേഷൻ കാർഡ് ഡാറ്റയിലെ വിവരങ്ങൾക്കനുസരിച്ച് ഓരോ ഫീൽഡിനും നിശ്ചിത മാർക്ക് നൽകുകയും ഹിയറിംഗ് നടത്തുകയും അതിന്റെ അടിസ്ഥാനത്തിൽ (കുറഞ്ഞത് 30 മാർക്ക് ലഭിക്കുന്നവരെ ഉൾപ്പെടുത്തി) ഒരു പട്ടിക തയ്യാറാക്കുകയുമാണ് ആദ്യം ചെയ്യുന്നത്.
*ആ പട്ടികയിലുൾപ്പെടുന്നവരുടെ അപേക്ഷകൾ മാത്രമേ പിന്നീട് കാർഡ് മാറ്റുന്നതിന് പരിഗണിക്കുകയുള്ളൂ*.
എന്നാൽ ഈ പട്ടികയിലുൾപ്പെടുന്ന എല്ലാവർക്കും മുൻഗണനാ കാർഡ് ഉടനെ നല്കാനും കഴിയില്ല. കാരണം അതിനും മാത്രം vacancy മുൻഗണനാ വിഭാഗത്തിനുണ്ടാകില്ല.
നിലവിലുള്ള നിയമങ്ങൾ പ്രകാരം ഓരോ സംസ്ഥാനത്തിലെയും ജനസംഖ്യയും സോഷ്യോ-ഇകണോമിക് ഡാറ്റയും അനുസരിച്ച് ഒരു സംസ്ഥാനത്തിലെ ആകെ മുൻഗണനാ വിഭാഗത്തിലെ കാർഡുകളിലുണ്ടാകേണ്ട ആകെ അംഗങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും ലിമിറ്റ് ചെയ്തിട്ടുണ്ട്. ആ ലിമിറ്റ് ചെയ്യപ്പെട്ട എണ്ണത്തിനപ്പുറം അത് കൂട്ടി നൽകുന്നതിന് ഒരു സംസ്ഥാനത്തിലും കഴിയില്ല. അതിനാലാണ് അപേക്ഷിക്കുന്ന എല്ലാവർക്കും നൽകാൻ കഴിയാത്തത്.
ഓരോ മാസവും സംസ്ഥാനത്ത് മുൻഗണനാ കാർഡുകളിലുണ്ടാകുന്ന ഒഴിവുകളുടെ എണ്ണം കണക്കാക്കുകയും അത് ഓരോ താലൂക്കുകൾക്കായി വിഭജിച്ച് നല്കുകയും ചെയ്യും.അതിന് ശേഷം, അതാത് താലൂക്ക് സപ്ലൈ ഓഫീസിലെ നിലവിലുള്ള അപേക്ഷാ പട്ടികയിലുൾപ്പെട്ട അപേക്ഷകരെ പരിഗണിച്ച് അത്രയും ഒഴിവുകളുടെ എണ്ണമനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്.
മിക്കവാറും എല്ലാ മാസങ്ങളിലും ഓരോ താലൂക്കിലും ഉണ്ടാകുന്ന ഒഴിവുകളുടെ എണ്ണത്തിന്റെ ഇരട്ടിയലധികം അപേക്ഷകർ പട്ടികയിൽ ഉണ്ടാകാറുണ്ട്. അപ്പോൾ അപേക്ഷാ പട്ടികയിലെ സീനിയോരിറ്റി അനുസരിച്ച് കാർഡ് മാറ്റി നല്കുകയാണ് ചെയ്യുന്നത്.
മാരകമായ അസുഖങ്ങളുള്ളവർ (ക്യാൻസർ, എയ്ഡ്സ്, വൃക്കരോഗം, ഹൃദ്രോഗം മുതലായവ), ഓട്ടിസം ബാധിച്ച കുട്ടികളുള്ളവർ, നിരാലംബരായ വിധവകൾ, സർക്കാരിന് കീഴിലുള്ള ആശ്രയ പദ്ധതിയിലുൾപ്പെട്ടവർ, പരസഹായമില്ലാതെ ജീവിക്കാൻ കഴിയാത്ത അവശർ, കിടപ്പുരോഗികൾ എന്നിവരുടെ അപേക്ഷകൾക്ക് ഇതിൽ പ്രത്യേക പരിഗണന നല്കുന്നുണ്ട്. ഈ പ്രക്രിയ എല്ലാ മാസവും തുടർന്ന് കൊണ്ടിരിക്കുന്നതാണ്. അതിനാൽ അപേക്ഷിക്കുന്നവർക്ക് മുൻഗണനാ കാർഡ് എപ്പോൾ ലഭിക്കുമെന്ന് മുൻകൂട്ടി പറയാനാകില്ല.
നിലവിലെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓഫീസുകളിൽ അപേക്ഷകരെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. അതിനാൽ താലൂക്ക് സപ്ലൈ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ട് വിവരം പറയുക, തുടർന്ന് അവിടെ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം മാത്രം ചെയ്യുക.
25000 രൂപ വരെ മാസവരുമാനമുള്ളവർക്ക് മുൻഗണനാ വിഭാഗത്തിനായി അപേക്ഷിക്കുന്നതിന് തടസ്സമില്ല. റേഷൻ കാർഡിൽ രേഖപ്പെടുത്തിയിരിക്കുന്ന വരുമാനം കുറയ്ക്കുന്നതിന് ഓൺലൈൻ ആയി അപേക്ഷിക്കുന്നതിന് സാധിക്കില്ല. ഇതിനായി വില്ലേജ് ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റും റേഷൻ കാർഡും കൊണ്ട് താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.
റേഷൻ കാർഡിലെ ഏതെങ്കിലും അംഗത്തിന്റെ പേരിൽ നാലു ചക്രവാഹനമുണ്ടെങ്കിൽ ആ കാർഡിനെ പൊതുവിഭാഗത്തിലേക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്. ആ നാല് ചക്രവാഹനം എന്നത് ഏക ഉപജീവനമാർഗ്ഗമായ ഒരു ടാക്സി ആണെങ്കിൽ അതിന് ഇളവ് ലഭിക്കും.
സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, 1000 square feet-ൽ കൂടുതൽ വലിപ്പമുള്ള വീട്, ഒരേക്കറിൽ കൂടുതൽ പുരയിടം, ആദായ നികുതി അടയ്ക്കുന്നവർ,ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർ എന്നിവയിൽ ഏതെങ്കിലും ഒരെണ്ണം പോലും ഇല്ലാത്ത ആർക്കും മുൻഗണനാ കാർഡിന് വേണ്ടി അപേക്ഷിക്കാം.
ഇത് എല്ലാവരിലേക്കും എത്തിക്കുക. കാരണം റേഷൻ കാർഡുമായുള്ള സംശയങ്ങൾ ഇത് ശ്രദ്ധിച്ചു വായിച്ചാൽ തീരും.
➖➖➖➖➖➖
അക്ഷയ കേന്ദ്രം
കോട്ടപ്പള്ള, ഫോൺ : 9447855252
*മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക*